Latest News :
- ഭൂമിയുടെ പച്ചപ്പ് ചുവപ്പില്സാജന് എവുജിന്‍
- ജിമധുസൂദനന്റെ ഭാവുകത്വം 21-ാം നൂറ്റാണ്ടില്‍ എന്ന പുസ്തകം വായിച്ചശേഷം പി ഗോവിന്ദപ്പിള്ള എഴുതി: ഇനി അങ്ങോട്ടുള്ള മലയാളനിരൂപണ യത്നങ്ങളില്‍ മധുസൂദനനെ സ്പര്‍ശിച്ചോ അനുകൂലിച്ചോ പ്രതികൂലിച്ചോ പരാമര്‍ശിക്കാതെ പോകാന്‍ ഗൗരവബുദ്ധിയുള്ള നിരൂപകര്‍ക്കാര്‍ക്കും കഴിയില്ല. മധുസൂദനന്റെ "കഥയും പരിസ്ഥിതിയും" എന്ന ഗ്രന്ഥം പുറത്തുവന്നപ്പോള്‍ത്തന്നെ പി ജി അദ്ദേഹത്തിന്റെ സാഹിത്യചിന്തയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തിരുന്നു. മധുസൂദനനെ നിര്‍ലോഭം അഭിനന്ദിക്കുകയുംചെയ്തു. അന്ന്, പി ജിയുടെ പ്രശംസ അതിരുകടന്നോ എന്ന സംശയം ചിലര്‍ പ്രകടിപ്പിക്കുകയുണ്ടായി. അത്രയും പോയത് ഉചിതമായോ എന്ന ശങ്ക പി ജിക്കുമുണ്ടായി. എന്നാല്‍, പിന്നീട് പ്രസിദ്ധീകരിച്ച "ഭാവുകത്വം 21-ാം നൂറ്റാണ്ടില്‍" വായിച്ചതോടെ പി ജിയുടെ എല്ലാ സംശയങ്ങളും നീങ്ങി. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന് ഒരു ലക്ഷണഗ്രന്ഥം രചിക്കുകയാണ് മധുസൂദനന്‍ ചെയ്തതെന്ന് പി ജി സാക്ഷ്യപ്പെടുത്തി. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് 23-ാം വയസ്സില്‍ ഐഎഎസ് നേടിയ ജി മധുസൂദനന്‍ ഇപ്പോള്‍ പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (world institute of sustainable energy)- ഡയറക്ടര്‍ ജനറലാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി. "ഹരിതനിരൂപണം മലയാളത്തില്‍" എന്ന പുസ്തകം എഡിറ്റുചെയ്തു. വികസനം, ബദല്‍ ഊര്‍ജം എന്നീ വിഷയങ്ങളില്‍ ഇംഗ്ലീഷില്‍ മൂന്ന് പുസ്തകവും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീന്‍ എനര്‍ജി എന്ന ശാസ്ത്രമാസികയുടെ പത്രാധിപരുമാണ്. കഴിഞ്ഞദിവസം ഹ്രസ്വസന്ദര്‍ശനത്തിന് നാട്ടിലെത്തിയ മധുസൂദനന്‍ തന്റെ വഴികളും വീക്ഷണവും പങ്കുവച്ചു.വളര്‍ന്നു വന്ന വഴികൊല്ലം ജില്ലയില്‍ പെരിനാട് പഞ്ചായത്തിലെ ചെറുമ്മൂട് എന്ന ഗ്രാമത്തില്‍ ജനിച്ചു. ഇടത്തരം കര്‍ഷകകുടുംബമായിരുന്നു. ഇന്ന് സുസ്ഥിര വികസനം എന്നൊക്കെ പറയുന്നത് അന്ന് ജീവിച്ച് ബോധ്യപ്പെട്ടതാണ്. കമ്പോളസമ്പദ്ഘടനയെ ആശ്രയിക്കാതെ ജീവിക്കാമായിരുന്നു. മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. ഇടതുപക്ഷക്കാര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന പ്രദേശം. അച്ഛന്‍ കെ ഗോപാലപിള്ള ആര്‍എസ്പി പ്രവര്‍ത്തകനായിരുന്നു. മറ്റ് ബന്ധുക്കളില്‍ ഒട്ടേറെപ്പേര്‍ കമ്യൂണിസ്റ്റുകാരും. ശ്രീകണ്ഠന്‍നായര്‍, ടി കെ ദിവാകരന്‍, ആര്‍ എസ് ഉണ്ണി തുടങ്ങിയ നേതാക്കളുമായി അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്‍ കൊല്ലത്ത് പാര്‍ടി ഓഫീസില്‍ പോകുമ്പോള്‍ എന്നെയും കൂട്ടിയിരുന്നു. നേരത്തെ പറഞ്ഞ നേതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ ഇതുവഴി കഴിഞ്ഞു. കൊല്ലം എസ്എന്‍ കോളേജില്‍ ബിഎസ്സിക്ക് പഠിക്കുമ്പോള്‍ ജി സുധാകരന്‍ എംഎ ഇംഗ്ലീഷിനുണ്ടായിരുന്നു. ഞാനും എസ്എഫ്ഐയില്‍ ചേര്‍ന്നു. സമരവീര്യമുളള നല്ല നേതാവായിരുന്ന ജി സുധാകരന് പൊലീസിന്റെ തല്ല് ധാരാളം കൊണ്ടത് ഓര്‍ക്കുന്നു. ഞാന്‍ എസ്എന്‍ കോളേജില്‍തന്നെ എംഎസ്സിയും (ബോട്ടണി) ചെയ്തു. എന്നെ കേരള സര്‍വകലാശാലയില്‍ ഒന്നാം റാങ്കുകാരനാക്കണമെന്ന് ഞങ്ങളുടെ പ്രൊഫസറായിരുന്ന പി കെ ജി പുരുഷോത്തമന്‍സാറിന് വാശിയായിരുന്നു. പക്ഷേ, ഞാന്‍ ഏഴാം റാങ്കുകാരനായി. പ്രാക്ടിക്കലാണ് ചതിച്ചത്. എട്ട് മാര്‍ക്ക് പോയി. എന്നാല്‍, തിയറിയില്‍ ഞാന്‍ സര്‍വകലാശാലയില്‍ ഒന്നാമതെത്തി. റാങ്ക്മോഹം പൊലിഞ്ഞെങ്കിലും പുരുഷോത്തമന്‍സാര്‍ വിട്ടില്ല. സിവില്‍ സര്‍വീസ് എഴുതാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അങ്ങനെ 1974ല്‍, ഞാന്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരില്‍ ഒരു പഴയ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് പഠനം തുടങ്ങി. അപ്പോള്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനക്ലാസ് തുടങ്ങി. എന്നെ അടക്കം മൊത്തം 25 പേരെ ക്ലാസിലേക്ക് തെരഞ്ഞെടുത്തു. ഒരുവര്‍ഷം കഠിനമായി പ്രയത്നിച്ചു. 76ല്‍, ആദ്യഅവസരത്തില്‍ത്തന്നെ ഐഎഎസ് നേടി.
ഭരണാധികാരി മഹാരാഷ്ട്രയിലെ നാന്തേഡ് ജില്ലയിലായിരുന്നു പ്രഥമനിയമനം. പഴയ ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭാഗം. ശരത്പവാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ആദ്യമായി മുഖ്യമന്ത്രിയായ സമയം. ഭൂപരിഷ്കരണം നടപ്പാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. പവാര്‍ ഭൂപരിഷ്കരണത്തിന് നടപടി സ്വീകരിച്ചു. ഞാന്‍ പ്രധാനമായും ലക്ഷ്യമിട്ടതും ഭൂപരിഷ്കരണം നടപ്പാക്കാനാണ്. 13,000 പേര്‍ക്ക് ഭൂമി വിതരണംചെയ്തു. വന്‍കിട ഭൂവുടമകള്‍ കോണ്‍ഗ്രസുകാരായിരുന്നു. ഡിസിസി പ്രസിഡന്റുതന്നെ വീട്ടിലെ ജോലിക്കാരുടെയും വളര്‍ത്തുനായയുടെയും പേരില്‍വരെ 1500 ഏക്കര്‍ ഭൂമി കൈവശംവച്ചിരുന്നു. മിച്ചഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ എന്നെ കമ്യൂണിസ്റ്റ് എന്ന് ചാപ്പകുത്തി. പാരിസ്ഥിതികാവബോധം ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. ശരിക്കും കയറിപ്പിടിച്ചത് 1984-88ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യവകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. വന്‍കിടപദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ ഇടയായി. നര്‍മദപദ്ധതിയൊക്കെ തുടങ്ങുന്നു. ലോകബാങ്കിന്റെയും ജപ്പാന്റെയും സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതൊക്കെ ഞങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. അതിനിടെ, അന്നത്തെ പരിസ്ഥിതി സെക്രട്ടറി എന്‍ കെ ശേഷന്‍ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന എസ് വെങ്കട്ടരാമനെ കാണാന്‍ വന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി, നര്‍മദ പദ്ധതി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് ശേഷന്‍ 45 മിനിറ്റ് വാദമുഖങ്ങള്‍ നിരത്തി. ഇത് എന്നെ വളരെയധികം സ്വാധീനിച്ചു. വികസനത്തിന്റെ പേരില്‍ എന്തും ചെയ്യാമോ എന്ന ചോദ്യം മനസ്സിനെ അലട്ടി. പദ്ധതികള്‍ക്ക് ധനസഹായം ആവശ്യപ്പെട്ട് അക്കാലത്ത് കൂടെക്കൂടെ വിദേശയാത്രകള്‍ വേണ്ടിവന്നിരുന്നു. 1985ല്‍ ജനീവയില്‍ യുഎന്‍ വികസനഏജന്‍സിയുടെ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. മൂന്നാഴ്ച അവിടെ കഴിയേണ്ടിവന്നു. യുഎന്‍ മന്ദിരത്തിലെ പുസ്തകശാലയില്‍നിന്ന് ലഭിച്ച മസനോബു ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവമാണ് എനിക്ക് വലിയ സന്ദേശമായത്. പിന്നീട് തുടര്‍ച്ചയായ അന്വേഷണമായിരുന്നു. മാര്‍ക്സിസവും പരിസ്ഥിതിയും സംബന്ധിച്ച ക്ലാസിക്കുകള്‍ വായിച്ചുതീര്‍ത്തു. മൂലധനത്തില്‍ത്തന്നെ പല കാര്യങ്ങളും പറയുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജോലി സ്വീകരിച്ച് 1988-92 കാലത്ത് ഭൂട്ടാനില്‍ താമസിച്ചു. ആ സമയത്തും ധാരാളം വായിക്കാന്‍ സാധിച്ചു. ഭേദപ്പെട്ട പ്രതിഫലം ലഭിച്ചതിനാല്‍ പുസ്തകങ്ങള്‍ വാങ്ങാനുമായി. 2000 ജനുവരി മുതല്‍ 2004 മെയ് വരെ മഹാരാഷ്ട്ര ബദല്‍ ഊര്‍ജ വികസന ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായിരുന്നു. അക്കാലത്ത് കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന 400 മെഗാവാട്ട് പദ്ധതി നടപ്പാക്കി. സുസ്ഥിരവികസനത്തിന് സുസ്ഥിര ഊര്‍ജം അനിവാര്യമാണെന്ന് ബോധ്യമായി. അതിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സുസ്ഥിര ഊര്‍ജ ഉറവിടങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് 2004ല്‍ പുണെയില്‍ വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഒന്നുമില്ലായ്മയില്‍നിന്നായിരുന്നു തുടക്കം. കഴിഞ്ഞ കുറെ വര്‍ഷം സ്ഥാപനം വളര്‍ത്തിയെടുക്കാനായി വിനിയോഗിച്ചു. എഴുത്ത് കുറഞ്ഞു. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്ല നിലയിലായി. 2009ല്‍ സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. എഴുത്ത് സ്കൂള്‍വിട്ടശേഷം മലയാളം ഔപചാരികമായി പഠിച്ചിട്ടില്ല. എന്നാല്‍, മലയാളം കൂടെയുണ്ട് എന്ന ബോധമുണ്ടായിരുന്നു. സ്കൂളില്‍ കൈയെഴുത്ത് മാസികകളില്‍ എഴുതിയിരുന്നു. 1978ല്‍ കഥ മാസികയിലാണ് ആദ്യമായി എന്റെ ഒരു കഥ അച്ചടിച്ചുവന്നത്. പ്രസിദ്ധീകരിച്ച കാര്യം ഞാന്‍ അറിയുന്നത് സുഹൃത്തായ വിശ്വനാഥന്‍ (മലയാറ്റൂര്‍ രാമകൃഷ്ണന്റെ മകന്‍) വായിച്ചിട്ട് വിളിച്ചുപറഞ്ഞപ്പോഴാണ്. പിന്നെ മാതൃഭൂമി വാരികയില്‍ ചില കഥകള്‍ വന്നു. എന്‍ വി കൃഷ്ണവാരിയരും എം ടി വാസുദേവന്‍നായരും പത്രാധിപന്മാരായിരുന്ന കാലത്ത്. എന്റെ സാഹിത്യകമ്പം വിവാഹത്തെയും സ്വാധീനിച്ചു. ഐഎഎസ് കിട്ടിയശേഷം വന്ന ആലോചനകളില്‍ കൂടുതലും പണക്കാരുടെ കുടുംബങ്ങളില്‍നിന്നായിരുന്നു. സാഹിത്യബന്ധമുള്ള കുടുംബത്തിലെ പെണ്‍കുട്ടി വേണമെന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ചെറുമകള്‍ നിര്‍മല (പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം അച്യുതന്റെ മകള്‍) എന്റെ ഭാര്യയായി. 1980ലായിരുന്നു വിവാഹം. ക്രമേണ കുടുംബജീവിതത്തിന്റെയും ഔദ്യോഗിക കാര്യങ്ങളുടെയും തിരക്കുകളില്‍ എഴുത്ത് കുറഞ്ഞു. മാസത്തില്‍ പകുതി ദിവസവും യാത്രചെയ്യേണ്ട ജോലി. വായന തുടര്‍ന്നെങ്കിലും കഥയെഴുത്ത് എപ്പോഴോ നിലച്ചു. ഭൂട്ടാനില്‍ ജോലിചെയ്യവെ, 1990ലാണ് "കഥയും പരിസ്ഥിതിയും" എന്ന പുസ്തകത്തിന്റെ ആശയം മനസ്സിലുദിച്ചത്. നാട്ടില്‍ തിരിച്ചെത്തിയശേഷം 1995ലാണ് പുസ്തകരചനയ്ക്ക് തുടക്കംകുറിച്ചത്. ഇതിനിടെ അമേരിക്ക കേന്ദ്രമായ സാഹിത്യ-പരിസ്ഥിതി പഠന സംഘടനയില്‍ (അസ്ലി) അംഗത്വമെടുത്തു. 1995ല്‍ അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന, അസ്ലി സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരമുണ്ടായി. മലയാളത്തില്‍ അന്നുവരെ ഇറങ്ങിയ കഥകളെല്ലാം 1995-2000 കാലത്ത് വായിച്ചു. കഥയിലൂടെ പ്രതിഫലിക്കുന്ന പാരിസ്ഥിതിക സംവേദനത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. ഒടുവില്‍, 18 മാസം അവധിയെടുത്തിരുന്നാണ് കഥയും പരിസ്ഥിതിയും എഴുതിത്തീര്‍ത്തത്. അതിന് ലഭിച്ച സ്വീകരണത്തില്‍ തൃപ്തനാണ്. അതുവരെ ആഷാമേനോനും മറ്റുമാണ് പാരിസ്ഥിതികസൗന്ദര്യശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നത്. ആഷാ മേനോന്‍ പാരിസ്ഥിതികസൗന്ദര്യശാസ്ത്രത്തെ ആത്മീയതയുടെ പരിവേഷത്തിലാണ് കാണുന്നത്. അത് അപകടമാണ്. ജര്‍മനിയില്‍ നാസികളില്‍ ഒരു വിഭാഗംചെയ്തത് ഇതാണ്. അവര്‍ റോസ ലക്സംബര്‍ഗ് അടക്കമുള്ള ഇടതുപക്ഷക്കാരെ തെരഞ്ഞുപിടിച്ച് കൊന്നു. നാസികള്‍ പരിസ്ഥിതിവാദികളായി നടിച്ചു. ജൂതന്മാരെ ജര്‍മന്‍മണ്ണിലെ കളകളായി ചിത്രീകരിച്ചു. മണ്ണിന്റെ ശുദ്ധി വീണ്ടെടുക്കാന്‍ കളകള്‍ മുഴുവന്‍ പറിച്ചുകളയണമെന്ന് പ്രചരിപ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് ഇക്കോഫാസിസമാണ്. ഇവിടെ ബിജെപി ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നത് പൈതൃകസംരക്ഷണം എന്ന പേരിലാണെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ ഫാസിസ്റ്റ് മുന്‍കൈ ഇല്ലാതാക്കാന്‍ മാര്‍ക്സിസ്റ്റ് വീക്ഷണത്തോടെ പരിസ്ഥിതിവിഷയങ്ങള്‍ ഏറ്റെടുക്കണം. പാരിസ്ഥിതികപ്രശ്നങ്ങളില്‍ ഇടപെടേണ്ടത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമയാണ്. പ്രത്യയശാസ്ത്രം ചലനമറ്റതല്ല. അത് നിരന്തരം പുതുക്കണം. കാലാനുസൃതമായ മാറ്റം വേണം. ക്യൂബ ഏറ്റവും വലിയ മാതൃകയാണ്. അമേരിക്കന്‍ഉപരോധം ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ ക്യൂബയെ നിര്‍ബന്ധിതമാക്കി. മുതലാളിത്തലോകത്തിന്റെ സഹായമില്ലാതെ നിലനില്‍ക്കാന്‍ അവര്‍ പഠിച്ചു. ക്യൂബയില്‍ വലിയ പണക്കാര്‍ ഇല്ലായിരിക്കാം. പക്ഷേ, അവരുടെ സമ്പദ്ഘടന അടിസ്ഥാനപരമായി സുസ്ഥിരമാണ്. അതേസമയം, ചൈനയിലെ അമിതവളര്‍ച്ച അപകടമാണ്- നിലനില്‍ക്കുന്നതല്ല.മലയാളംമൂന്നരക്കോടി മലയാളികളുടെ സംസാരഭാഷ എന്ന നിലയില്‍ മലയാളം നിലനില്‍ക്കും. മലയാളം മരിക്കുമെന്ന വാദത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, മലയാളത്തെ വ്യവഹാരഭാഷയാക്കി വളര്‍ത്തിയെടുക്കണം. സര്‍ക്കാര്‍ ഫയലുകള്‍ മലയാളത്തില്‍ത്തന്നെ വേണം. മഹാരാഷ്ട്രയില്‍ ബഹുഭൂരിപക്ഷം ഫയലുകളും മറാത്തിയിലാണ്. അവിടെ സ്കൂളുകളില്‍ മറാത്തി നിര്‍ബന്ധം. ഇവിടെ ആ അവസ്ഥ കൊണ്ടുവരണം. ഇംഗ്ലീഷ് പഠിക്കരുതെന്നല്ല. മലയാളവും ഇംഗ്ലീഷും ഒരുപോലെ കൊണ്ടുനടക്കാന്‍ കഴിയണം. അതിന് ഒരു ബുദ്ധിമുട്ടുമില്ല. ഒപ്പം, കേരളത്തിന്റെ വികസനവും നമ്മുടെ സവിശേഷതകളില്‍ ഊന്നിയായിരിക്കണം. ഇ എം എസ് വിഭാവനചെയ്ത കേരളമോഡല്‍ വികസനം ഇന്നും അപ്രസക്തമല്ല. പരിസ്ഥിതിയുടെ പുനരുദ്ധാരണം ആയിരിക്കണം നമ്മുടെ വികസനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷസംസ്കാരത്തിന് ഇവിടെ പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് നഷ്ടപ്പെടുത്തരുത്. ജീവിതത്തെ താങ്ങിനിര്‍ത്തുന്ന അടിസ്ഥാനപ്രകൃതിയെ നശിപ്പിക്കരുത്. ടാക്സി സ്റ്റാന്‍ഡുകള്‍പോലെ വിമാനത്താവളങ്ങള്‍ തുടങ്ങേണ്ട കാര്യമെന്താണ്? ജലവിമാനങ്ങളും വികസനമല്ല. അതേസമയം, ഐടി കേരളത്തിന് യോജിച്ച വ്യവസായമാണ്. ജീവിതത്തിന്റെ അടിത്തറ നശിപ്പിക്കാതെ നമുക്കനുയോജ്യമായ വികസനം കണ്ടെത്തണം.
ഭാവിപരിപാടിഇനി പുസ്തകരചനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാളത്തിലായിട്ടുണ്ട്. സാഹിത്യസംബന്ധമായ ഒരു പുസ്തകവും ഹരിതരാഷ്ട്രീയവും നമ്മുടെ ഭാവിയും എന്ന ഗ്രന്ഥവും ഇക്കൊല്ലം പ്രസിദ്ധീകരിക്കും. ഹരിതരാഷ്ട്രീയം ഉപരിപ്ലവമായി ചര്‍ച്ചചെയ്യേണ്ട കാര്യമല്ല. അത് നമ്മുടെ കാലത്തിന്റെ അനിവാര്യതയാണ്. മാര്‍ക്സിസവും പരിസ്ഥിതിയും എന്ന പുസ്തകം അടുത്തവര്‍ഷം എഴുതണമെന്ന് ആഗ്രഹിക്കുന്നു. വിഷയം കുറെയേറെ വായിച്ചു. മാര്‍ക്സിസം ഏറ്റവും വലിയ മാനവികതയാണ്. സാഹിത്യത്തില്‍ ഇക്കോ-മാര്‍ക്സിസം പുതിയൊരു പാരിസ്ഥിതിക റിയലിസത്തിന് തുടക്കംകുറിക്കണം.
പിന്‍കുറിപ്പ്:മധുസൂദനന് സാഹിത്യവും ജീവിതവും ദര്‍ശനവും പരസ്പരം വെള്ളംകയറാത്ത അറകളല്ല. ഇപ്പോള്‍ നാട്ടില്‍ വന്നതിന്റെ കാരണംതന്നെ ഇത് വ്യക്തമാക്കുന്നു. കൊല്ലത്തെ വീട്ടിലെ കിണര്‍ ഒരു വേനലിലും വറ്റാത്തതായിരുന്നു. ഇക്കുറി സ്ഥിതി മാറി. അതുകൊണ്ട് അമ്മയ്ക്കായി മഴവെള്ളസംഭരണി ഒരുക്കാനാണ് വന്നത്.
No comments:
Post a Comment